പാതാളത്തിൽ പോകാൻ നിങ്ങൾക്കു ധൈര്യമുണ്ടോ..? കൊച്ചിയിലെ പാതാളമല്ല കോട്ടോ, ഭൂമിക്കടിയില്‍ ഏകദേശം 3,000 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലേക്കാണു ക്ഷണിക്കുന്നത്. ആ അപൂര്‍വ ഗ്രാമത്തിന്റെ പേര് 'പാതാള്‍കോട്ട്' എന്നാണ്, സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശില്‍. ചിന്ത്വാരയില്നിന്ന് 78 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരുപാടു പ്രത്യേകതകളുള്ള താഴ്വരയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഈ പ്രദേശത്തിനു പുറംലോകവുമായി ബന്ധവുമുണ്ടായിരുന്നില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഒറ്റപ്പെട്ടു കിടന്ന ഒരു ഭൂപ്രദേശമായിരുന്നു. അതുകൊണ്ടുതന്നെ ആ ഗ്രാമത്തെക്കുറിച്ചു നിരവധി കഥകളും പരന്നിരുന്നു.
വിവിധങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാമുള്ള ഗോത്രവിഭാഗക്കാരാണ് ഇവിടെ താമസം. ഏകദേശം 21-ാളം ഗ്രാമങ്ങൾ പാതാള്കോട്ടിലുണ്ട്. എന്നാല്‍, 12 ഗ്രാമങ്ങളില്‍ മാത്രമാണ് താമസക്കാരുള്ളത്. 79 ചതുരശ്ര കിലോമീറ്റർ വിസ്തീര്‍ണമുള്ള പാതാള്‍കോട്ട് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ബാരിയ, ഗോണ്ട് തുടങ്ങിയ ഗോത്ര വിഭാഗക്കാരാണ് ഇവിടെയുള്ളത്. പ്രാദേശികമായ നിരവധി വിശ്വാസങ്ങള്‍ ഇവിടെ നിലനില്ക്കുന്നു. അതിലേറെ ആരെയും അമ്പരിപ്പിക്കുന്ന നിഗൂഢതകളും. മുഴുവന്‍ സമയവും ഇരുണ്ടുമൂടിക്കിടക്കുന്ന ഒരു പ്രദേശം. വര്‍ഷങ്ങള്‍ക്കു മുമ്പു പുറത്തുനിന്ന് ആരും ഇങ്ങോട്ടേക്കു വരാറുപോലുമുണ്ടായിരുന്നില്ല. പാതാള്‍കോട്ട് സന്ദര്‍ശനം മറക്കാനാകാത്ത അനുഭവമാണെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്താറുണ്ട്.